2018 ജനുവരി 14, ഞായറാഴ്‌ച

കോപ്പ
======
കോപ്പകള്‍ കാണുമ്പോള്‍
ഓര്‍മ്മ
പഴയകാലത്തേക്ക് ഓടും.
അന്നൊക്കെ
മിക്കവീടുകളിലും
ദാരിദ്ര്യം എന്ന വാക്കിന്റെ
അര്‍ഥം അറിഞ്ഞിരുന്നു.
കൃഷി കൊണ്ട് മൂടിയ
വലിയ വീടുകളിലും
ചില കാര്യങ്ങള്‍
അങ്ങനെയായിരുന്നു.
കവിടിക്കോപ്പയില്‍
ചൂടുള്ള
കുത്തരിക്കഞ്ഞിവെള്ളം
ഉപ്പിട്ടു
മോന്തികുടിച്ചിരുന്നു പണ്ട്
എന്റെ ബാല്യം
പാതാക്കര തറവാട്ടില്‍.
അറുപതുകളില്‍
ജീവിച്ചിരുന്നവരുടെ മനസ്സില്‍
വറ്റുകള്‍ ഉണ്ടാവില്ല.
കഞ്ഞിപ്പിഞ്ഞാണത്തില്‍
വറ്റോടിയ അടിപ്പാത്തിയില്‍
തപ്പുമ്പോള്‍ വല്ലതും
തടഞ്ഞാല്‍ തടഞ്ഞു.
എന്നാലും
സമ്മന്തിയും(ചമ്മന്തി)
കൂട്ടിയുള്ള ആ കഴിക്കല്‍
സുഖാനുഭൂതിയായിരുന്നു.
ഇന്ന്
കുട്ടികള്‍ കഞ്ഞി കാണാറില്ല.
അവര്‍ക്കത്
വേണ്ടാതായിരിക്കുന്നു.
അവര്‍ക്ക് നല്ലത്
വേണ്ടാതായിരിക്കുന്നു.
അവര്‍ക്ക്
ഒന്നും വേണ്ടാതായിരിക്കുന്നു.
ഇന്നും കപ്പുകള്‍ കാണുമ്പോള്‍
ആ കവിടിക്കോപ്പ
മനസ്സില്‍ എത്തും.
ജീവിതമാകുന്ന കോപ്പയുടെ
വിളക്കി ചേര്‍ത്ത പിടിയാണ്
നമ്മള്‍
എന്നെനിക്ക് തോന്നാറുണ്ട് .
പിടി അടരുംവരെ
നമ്മുടെ കോപ്പയില്‍
കഞ്ഞിയുണ്ടാവട്ടെ.
ഇത്തിരി വറ്റും.
ഒന്നു ചവയ്ക്കാന്‍.

2011 ഡിസംബർ 24, ശനിയാഴ്‌ച

കാലമെത്തും വരെ

തളിര്ത്തണ്ടിലൊട്ടിനിന്നു 
തലയാട്ടുംനേരത്ത് 
പച്ചപ്ലാവിലയ്കൊരു 
വിചാരമുണ്ട്. 

ഈ അണ്ഡകടാഹത്തില് 
തന്റെ പശിമ നശിയ്ക്കില്ലെന്നും 
കാലച്ചുറ്റു തീരുംവരെ 
താനാണ് 
നേരംകുറിച്ചിടുക എന്നും. 

അടര്ന്നൊടിഞ്ഞു വീഴുന്ന 
പഴുക്കനിലകളെ  
പുച്ഛനോട്ടംകൊണ്ട് 
കുലുക്കിയിടുംനേരത്തും 
ഉള്ളുപിളര്ത്തി 
ഒരു ചിരി ചിരിയ്ക്കുമത്. 

പഴുത്തടര്ന്നവയ്ക്കുമുണ്ട് 
ശേഷംചൊല്ലാന് 
മിച്ചസുഖത്തിനായി 
ഒരു അകസഞ്ചാരം. 

അസ്ഥി ദ്രവിച്ച് 
ഉണങ്ങിപ്പൊടിഞ്ഞ 
മണ്ണൊട്ടിച്ചേര്ന്ന 
ചതുപ്പനിലകളോട് , 
നിലത്തുവീണും 
കാറ്റിനൊത്തു 
കിടന്നുരുളുംപാകമുണ്ട് 
ഞങ്ങള്ക്കിപ്പോഴും 
എന്നൊരു 
പിടയാപ്പിടച്ചില്....!

യാജം

ഒടുവില് നേരമിങ്ങെത്തി
അതണയുവാനാ -
ണറിയുന്നില്ലൊന്നുമീ
സായന്തനം.

ആരറിവുണ്ടാര്ക്കറിവുണ്ടീ
'യാഷ'കാലമങ്ങിഴഞ്ഞും
തുഴഞ്ഞും
ജീവനയാജം ഭുജിപ്പതുണ്ടങ്ങനെ.

അത്രമേല് വിറയാര്ന്നതാണെന് തോഴി
വിയര്ത്തുലഞ്ഞതാണവള്
ഹതിത.

എന്നാകിലിനിയെന്തിനീ
കോപമീ
പ്രാണനും പറന്നകലവേ
മേലിക കണക്കൂര്ന്നു
തൂക്കമാടിടാമല്ലേ.

അറിവീലൊരു യാത്രികന്
മമ
'ദേഹ'രിപുക്കളെയൊന്നും.

പാതി മറഞ്ഞിരിപ്പാണവര്
ജീവകന്
തന് ചിതയെരിച്ചിടാനായങ്ങനെ...!
--------------------------
യാഷകാലം - പ്രയാസകാലം
യാജം - അന്നം
മേലിക - വവ്വാല്